Thursday, 11 July 2013

"പൂച്ച"


പട്ടികളെ പോലെ തന്നെ പൂച്ചകള്‍ക്കും എന്‍റെ ജീവിതത്തില്‍ ഒരുപാട് സ്ഥാനമുണ്ട്.
പൂച്ചകളോളം വരില്ല പട്ടികള്‍ക്ക്.
കാരണം എന്‍റെ പൂച്ചകളും ഞാനും ഓരേ പുതപ്പിനടിയില്‍ കിടന്നുറങ്ങിയിട്ടുണ്ട്,ഒരേ പാത്രത്തില്‍ നിന്നും തിന്നിട്ടുണ്ടെന്നും എനിക്കി തോന്നുന്നു.
വീട്ടില്‍ വളര്‍ത്തിയിരുന്ന പൂച്ചകള്‍ക്കെല്ലാം ഒരേ പേരായിരുന്നു.
"മിന്നു"
ഒരൊറ്റവിളിക്കി അഞ്ചാറെണ്ണം ഓടികിതച്ചു വരുമെന്ന വിശ്വാസം.
ഒരെണ്ണമെങ്കിലും വന്നാല്‍ ഭാഗ്യം.


പൂച്ചകള്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവയെ വേര്‍തിരിക്കും.
ചെമ്പന്‍ നിറമുള്ളവനെ ചെമ്പന്‍ മിന്നു എന്നും,വെളുപ്പുള്ളതിനെ വെള്ളമിന്നു എന്നും,കൂട്ടത്തില്‍ മൂത്ത പൂച്ചയെ ചേട്ടന്‍ മിന്നു എന്നും കഷ്ട്ടകാലത്തിനു ഒരു പൂച്ച പ്രസവിക്കാന്‍ ഇടയാല്‍ ആ പൂച്ചയെ അത് കറുപ്പോ വെളുപ്പോ പച്ചയോ മഞ്ഞയോ ആകട്ടെ,അതിനെ "അമ്മ മിന്നു" എന്നുമാണ് വിളിക്കുക.
എല്ലാം എന്‍റെ അമ്മയുടെ ബുദ്ധിയാ.
അമ്മയുടെ മാത്രമല്ല അമ്മയുടെ രണ്ടു ചേച്ചിമാര്‍ക്കും ഒരേ ബുദ്ധിയാ.
ഇവര്‍ മൂന്നുപേരുമാണ് മിന്നു എന്ന പേര് പൂച്ചകള്‍ക്ക് ഇടാം എന്ന് എ.ഡി.ഇരുപതാം നൂറ്റാണ്ടില്‍ കണ്ടുപിടിച്ചത്.
പണ്ട് കല്യാണ ദിവസം ഓമനിച്ചു വളര്‍ത്തിയിരുന്ന വെള്ള മിന്നുവിനെ കാണാതായപ്പോള്‍ അതിനെ അന്വേഷിച്ചു പോയി കല്യാണത്തിന്‍റെ മുഹൂര്‍ത്തം വരെ തെറ്റിച്ച ആളാണ് എന്‍റെ ഒരു വല്യമ്മ..


ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോ ആണ് ഒരു പൂച്ചയുടെ ഉടമസ്ഥന്‍ ആകുന്നത്.
അന്ന് ഉണ്ണിച്ചെക്കന്‍ രണ്ടു പൂച്ചയുടെ ഉടമസ്ഥന്‍ ആയി കഴിഞ്ഞിരുന്നു,അപ്പു പിന്നെ സുന്ദരി.
പേരില്‍ മാത്രമേ സുന്ദരി ഉള്ളു.
സാധനം ഒരു വളിപ്പ് പൂച്ച ആയിരുന്നു.
വലുതായപ്പോഴാണ് അതൊരു കണ്ടന്‍ പൂച്ച ആയിരുന്നു എന്നവനു മനസിലായത്.അവനു മാത്രമല്ല ആന്നാട്ടിലെ സകല പെണ്‍പൂച്ചകള്‍ക്കും.
അപ്പു ഒരു പാവം പൂച്ച ആയിരുന്നു.ഒരു സ്കൂള്‍ വെക്കേഷന്‍ സമയത്ത് ഉണ്ണിച്ചെക്കന്‍ മാമന്‍റെ വീട്ടില്‍ പോയി വന്നപ്പോ അപ്പു നാടുവിട്ടു പോയിരുന്നു,അവന്‍ അപ്പുവിനെ തേടി നാട് മുഴുവന്‍ അലഞ്ഞു.


എന്‍റെ ഉടമസ്ഥതയില്‍ വന്ന പച്ചകലര്‍ന്നകറുത്ത പുള്ളികളുള്ള പൂച്ചക്കി അമ്മ പേരിട്ടു..
"മിന്നു" ഊവാ..കിന്നു,
ഞാന്‍ എന്‍റെ സ്വന്തംപൂച്ചയെ കുഞ്ഞന്‍ എന്ന് വിളിച്ചു.
എല്ലാരും ഏറ്റു വിളിച്ചു..കുഞ്ഞന്‍..കുഞ്ഞന്‍..കുഞ്ഞന്‍..
അവന്‍ ഒരു പുലികുട്ടി ആയി വളര്‍ന്നു.
പാലും ചോറും മീനും തിന്നവനങ്ങനെ വളര്‍ന്നു തുടങ്ങിയ സമയം എന്‍റെ അച്ഛന് ജോലി മാറ്റം കിട്ടി,പയ്യന്നൂരിലേക്കി.
പൂച്ചയെ കൂടി കൊണ്ടുപോകാന്‍ ഞാന്‍ വാശിപിടിച്ചു.ഒന്നെങ്കില്‍ ഞാന്‍ അല്ലെങ്കില്‍ പൂച്ച എന്ന മറുപടി ഇടക്കിടക്കി കേട്ട് തുടങ്ങിയപ്പോ ഞാന്‍ ആ ശ്രമം ഉപേക്ഷിച്ചു.


പയ്യന്നൂരിലേക്കി പോകേണ്ട ദിവസമായി.വലിയ ലൈറ്റുകള്‍ പിടിപ്പിച്ച മാമന്‍റെ പച്ച കളര്‍ ജീപ്പില്‍ ആണ് ഞങ്ങള്‍ തൃശ്ശൂര്‍ റെയില്‍വേ സ്റ്റെഷനിലെക്കി പോകുന്നത്.ജീപ്പിനുള്ളില്‍ പണ്ട് ബാലരമ വാങ്ങുമ്പോ ഫ്രീ കിട്ടിയിരുന്ന മായവിയുടെം ലുട്ടപ്പിയുടെം സ്റ്റിക്കരുകള്‍  ഒട്ടിച്ചിട്ടുണ്ടായിരുന്നു.

വീട്ടില്‍ ഞങ്ങളെ യാത്രയാക്കാന്‍ എല്ലാ ബന്ധുക്കളും അച്ഛന്‍റെ ചങ്ങതിമാരും വന്നിട്ടുണ്ടായിരുന്നു.
ക്ഷേമചേച്ചിയുടെ മകള്‍ വര്‍ഷ അന്ന് ചെറിയ ഉണ്ണി ആയിരുന്നു.ക്ഷേമചേച്ചി എന്‍റെ അമ്മായി ആണ്.
അമ്മായിമാരെ ഞാനും എന്‍റെ ചേട്ടനും "ചേച്ചിമാരേ" എന്നാണു വിളിക്കുന്നത്‌.
പെട്ടികളെല്ലാം കെട്ടിപൂട്ടി ജീപ്പിനുള്ളി മാമനും പാപ്പനും (ചെറിയച്ചന്‍) കയറ്റിവെച്ചു.
അമ്മയും അച്ഛനും ചേട്ടനും മാമനും എല്ലാരും ജീപ്പില്‍ കേറി.
ഞാന്‍ വീടിന്‍റെ പുറകില്‍ കുഞ്ഞനോട് യാത്ര പറയാന്‍ ചെന്നിരിക്കായിരുന്നു.
എന്‍റെ കണ്ണ് ആകെ നിറഞ്ഞു ഒഴുകി,ഞാന്‍ കുഞ്ഞനെ കയ്യിലെടുത്തിട്ടു ഉമ്മവെച്ചു
"ചേട്ടന്‍ പോയിട്ട് വരാട്ടോ" എന്ന് പറഞ്ഞു.
അവന്‍ "പിര്ര്‍ പിര്ര്‍ " ശബ്ദം ഉണ്ടാക്കി.
വീടിന്‍റെ മുന്‍ഭാഗത്തുനിന്നു അച്ഛനും..
"ഡാ.."
ഞാന്‍ കണ്ണ് തുടച്ചു മുന്‍വശത്തേക്ക് ഓടി.
"ജീപ്പില്‍ കേറഡാ" അച്ഛന്‍ ഒച്ചവെച്ചു.
ഞാന്‍ പുറകില്‍ അമ്മയോടൊപ്പം കയറിയിരുന്നു.
പെട്ടന്ന് ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തു.

"നിത്തു ചേട്ടന് ഉമ്മ കൊടുത്തേ" എന്ന് ക്ഷേമചേച്ചി കുഞ്ഞു വര്‍ഷയോടു പറഞ്ഞു.
ഉമ്മ വാങ്ങിയതേ ഓര്‍മ്മയുള്ളു.ജീപ്പ് സ്റ്റാര്‍ട്ട്‌ ചെയ്തപോലെ ഞാന്‍ കരഞ്ഞു.
എല്ലാരേം വിട്ടു പോകുന്ന വിഷമം.കുഞ്ഞനെ വിട്ടുപോകുന്നതിന്‍റെ ഒടുക്കത്തെ വിഷമം.
വണ്ടി നീങ്ങി തുടങ്ങി,എല്ലാരും ടാറ്റാ തരുന്നുണ്ടായിരുന്നു,ഞാന്‍ കണ്ടില്ല.ഞാന്‍ മുന്നോട്ടു നീങ്ങുമ്പോള്‍ എന്നെ സ്നേഹിക്കുന്നവര്‍ പുറകോട്ടു പൊയ്കൊണ്ടിരിക്കുന്ന ഭീകര ദൃശ്യം കാണാന്‍ വയ്യാതെ ഞാന്‍ കണ്ണുകള്‍പൊത്തി.
.ഞാന്‍ ചിന്നുവിനോട് യാത്ര പറഞ്ഞില്ല.അവള്‍ എന്നെ കാണാതെ വിഷമിചിട്ടുണ്ടാകും.അവള്‍  കുരക്കുന്ന ശബ്ദം ഞാന്‍ കേട്ടിരുന്നു.ചിന്നു ഞാന്‍ വളര്‍ത്തിയിരുന്ന പട്ടികുട്ടി ആയിരുന്നു.
ടാറ്റ തരുന്ന കൈകളോടൊപ്പം ചിന്നുവിന്‍റെ ശബ്ദവും അകന്നുപോയി.ചിന്നുവിനെ പിന്നീട് കുട്ടവല്ല്യച്ചന്‍ കൂടടക്കം കൊണ്ടുപോയി.

ട്രെയിന്‍ പയ്യന്നൂര്‍ എത്താറായപ്പോള്‍ ബര്‍ത്തില്‍ കിടന്നുറങ്ങിയിരുന്ന എന്നെ ചേട്ടന്‍ കൈകൊണ്ട് തോണ്ടിവിളിച്ചു.
എല്ലാവരും സ്റ്റേഷനില്‍ ഇറങ്ങി.ട്രെയിന്‍ പൊയികഴിഞ്ഞപ്പോള്‍ പുറത്തുനിന്നൊരു ചെണ്ട ശബ്ദം ഞാന്‍ കേട്ടു. അച്ഛന്‍ പറഞ്ഞു"ഇതിന്‍റെ അപ്പുറത്തൊരു തെയ്യം നടക്കുന്ന അമ്പലണ്ട് അതിന്‍റെ ശബ്ദാ".തെയ്യം എനിക്കി ആശ്ചര്യം.അപ്പോഴേക്കും അച്ഛന്‍ ഒരു കാര്‍ വിളിച്ചു.ഞങ്ങള്‍ അതില്‍ വാടകക്കെടുത്ത വീട്ടിലെക്കിപോയി.
ശരിക്കും സ്റ്റേഷനില്‍ നിന്നും നടക്കാനുള്ള ദൂരമേ വീട്ടിലെക്കുണ്ടയിരുന്നുള്ളൂവെന്ന് പിന്നീടാണെനിക്ക് മനസ്സിലായത്‌.ജൂണ്‍ മാസം ആയതിനാല്‍ മഴ പെയ്ത് കറന്‍റ് പോയിരുന്ന സമയത്തായിരുന്നു ഞങ്ങള്‍ വീട്ടിലെത്തിയത്.രാത്രി ഒന്നും കണ്ടില്ല.ഒരാഴ്ച മുന്‍പ് ഏതോ ഒരു കമ്പനിയുടെ പാര്‍സല്‍ ലോറിയില്‍ കയറ്റി വിട്ടിരുന്ന പെട്ടിം കേടക്കേം എല്ലാം വീട്ടില്‍ എത്തിയിരുന്നു.അമ്മ കിടക്ക വിരിച്ചു തന്നു,ട്രെയിനില്‍ നിന്നും വാരി തിന്ന ബിരിയാണിയുടെ ബലത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു.

രാവിലെ അനേകം പൂച്ചകളുടെ കരച്ചിലും,എവിടെനിന്നോ പുറപ്പെട്ടു എന്‍റെ കൊച്ചു മൂക്കുകളെ തേടിവന്ന ബണ്ണിന്‍റെയോ കേക്കിന്‍റെയോ മണങ്ങള്‍ ശ്വസിചായിരുന്നു പുതിയ നാട്ടിലെ പകല്‍ ഞാന്‍ കണ്ടത്.എന്‍റെ ഓര്‍മകളിലെ പയ്യന്നൂരിന് കേക്കിന്‍റെ മണമാണ്.ഞാന്‍ കിടക്കയില്‍ നിന്നും പതുക്കെ എണീറ്റ് അടുക്കലയിലേക്കി നടന്നു,"അമ്മേ എവടന്നാ കേക്കിന്‍റെ മണം?" അമ്മ മറുപടിയായി ഒരു ഗ്ലാസ്‌ ചൂടുള്ള ചായ തന്നു.ചായകൊണ്ട് ഞാന്‍ അടുക്കളയുടെ പുറകിലെ ഗ്രില്ലിട്ട വരാന്തയില്‍ പോയി നിന്നു ഊതി കുടിച്ചു.
പല്ലു തേക്കാതെയുള്ള ചായകുടി ആനന്ദം പകരുന്ന ഒന്നാണ്.
അതിനിടയില്‍ എവടെനിന്നോ ഒരു വെളുത്ത പൂച്ച എന്‍റെ മുന്‍പിലൂടെ
 "ക്രീ" എന്ന ശബ്ദത്തില്‍ ഓടിപോയി.
"അമ്മേ പൂച്ച" ഞാന്‍ ഒച്ചവെച്ചു.
അമ്മ എന്നെ ശ്രദ്ധിച്ചമട്ടില്ല.അച്ഛന്‍ ജോലിക്ക് പോകുന്ന സമയമായിരുന്നു.
ഞാന്‍ നോക്കുമ്പോ അപ്പുറത്തെ വീടിന്‍റെ പുറകില്‍ പത്തോ ഇരുപതോ വെള്ള പൂച്ചകള്‍.അമ്മമാരും ചേട്ടന്മാരും മക്കളും,മാമാന്മാരും എല്ലാം ആ കൂട്ടത്തില്‍ ഉണ്ട്,ഇവിടെ ഇരുന്നു അവിടെ ഉള്ള പൂച്ചകള്‍ക്ക് എന്‍റെഅമ്മ പേരിടാന്‍ തുടങ്ങിയാല്‍ എല്ലാത്തിനേം ഒറ്റ പേരില്‍ വിളിക്കാം.."വെള്ള മിന്നു,വെള്ള മിന്നുക്കള്‍."

എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ ഇത്ര അതികം പൂച്ചകളെ ഒരുമിച്ചു കാണുന്നത്.സന്തോഷം ആശ്ചര്യം ഇവരണ്ടും കൂടിചേര്‍ന്നിട്ട് "സന്തോശ്ചര്യം" എന്ന ഒരു പ്രത്യേക അവസ്ഥ രൂപാന്തരം പ്രാപിച്ച് അടിവയറ്റില്‍ നിന്നും കുമിളപോലെ പൊങ്ങിവന്നു,അതേ വേഗതയില്‍ അത്   താഴേക്കി അരിച്ചിറങ്ങി.പുലര്‍കാലങ്ങളില്‍ ചായ കുടിച്ചാല്‍ ഉടന്‍ "അപ്പി വിരുന്നു"വരുന്ന അവസ്ഥ എനിക്ക് പണ്ടേ ഉള്ളതാ.

"അപ്പിപോക്കും പല്ലുതെപ്പും" കഴിഞ്ഞു ഞാന്‍ വീടിന്‍റെ മുന്‍വശത്തേക്കി ചെന്നു..



(തുടരും)

1 comment: